2011, മേയ് 20, വെള്ളിയാഴ്‌ച

മഴയുടെ മാനസം
Posted on: 09 Oct 2010
R L Harilal, Photos: Madhuraj

മഴയുടെ സ്വന്തം നാട്. അഗുംബെ.
കന്നഡത്തിന്റെ 'ചിറാപുഞ്ചി'.
അഗുംബെ മലമ്പാതകളിലൂടെ ഒരു മഴക്കാലയാത്ര

വനഗ്രാമങ്ങളില്‍ വഴി നിറയെ മയിലുകള്‍ പീലിനീര്‍ത്തി നിന്നു. മങ്ങിത്തുടങ്ങിയ ആകാശത്ത് കറുത്ത കംമ്പളം പോലെ പെട്ടന്നൊരു മഴമേഘം. കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നല്‍പ്പിണര്‍. തൊട്ടുപിറകെ കാതടിപ്പിക്കുന്ന ഹുംങ്കാരം. കനത്ത മഴത്തുള്ളികള്‍ ശബ്ദത്തോടെ വാഹനത്തില്‍ പതിച്ചു. പിന്നെ നിന്നു. രാജ്യത്തെ അവശേഷിക്കുന്ന താഴ്‌നില മഴക്കാടുകളില്‍ ഒന്നിലേക്ക് റോഡ് നീണ്ടു. നിബിഢമായ സോമേശ്വര വനസങ്കേതം.
കാടവസാനിച്ചു കയറ്റം തുടങ്ങിയപ്പോള്‍ മഴത്തുള്ളികള്‍ വീണ്ടുമടര്‍ന്നു. അഗുംബെ ചുരം. തുള്ളികള്‍ മഴയായി പടര്‍ന്നു. തുള്ളിക്കൊരു കുടം കണക്ക്, തുമ്പിക്കൈവണ്ണത്തില്‍, മഴ അലറുന്ന ജലപാതമായി വളര്‍ന്നു. മലയെ ചുറ്റിപ്പിണയുന്ന മുടിപിന്നുകളില്‍ നിന്നും വെള്ളം അരുവികള്‍ തീര്‍ത്ത് കുതിച്ചൊഴുകി. കയറ്റത്തില്‍ നിന്ന് കാര്‍ ഒഴുകി താഴെ പോകുമെന്ന് ഇടനേരം തോന്നി. കാട്ടില്‍ മഴ വീഴുന്നതിന്റെ ഏകതാനമായ ഇരമ്പം. അഗുംബെയില്‍ മഴ പെയ്യുകയാണ്. വിശ്വരൂപത്തില്‍. തെക്കേഇന്ത്യയുടെ ചിറാപുഞ്ചി ഏന്നാണ് അഗുംബെയെ വിശേഷിപ്പിക്കുന്നത്. സഹ്യാദ്രിയുടെ മടിയിലുള്ള അഗുംബെ. തെക്കെ ഇന്ത്യയില്‍ ഏറ്റവുമധികം മഴ പെയ്യുന്ന ഇടം.
മഴ നിന്നു. കാര്‍ വീണ്ടും നീങ്ങി. ഹെയര്‍പിന്നുകളിലൊന്നില്‍ അഗുംബെ വ്യൂപോയന്റെ്. തെളിഞ്ഞ നേരത്ത് അറബിക്കടലില്‍ സൂര്യന്‍ മുങ്ങുന്നതു കാണാം. പക്ഷെ ഇപ്പോള്‍ കോടമഞ്ഞും മഴമേഘങ്ങളും മാത്രം.
കുന്നു കയറുന്നതിനിടക്ക് ദൂരെ കാണുന്ന ഒരു മലയുടെ അടിയില്‍, മഞ്ഞു മൂടിയ കാടുകള്‍ക്കിടെ ഒരു വെള്ളത്തിളക്കം കാണാം. മണ്‍സൂണ്‍മഴയില്‍ തഴച്ച്തിമിര്‍ത്ത് സീതാനദി കുതിച്ചൊഴുകുകയാണ്. ടൊറന്റെ് റാഫ്റ്റിങ്ങിനിറങ്ങുന്ന സാഹസികര്‍ നദിയുടെ തീരത്ത് ഇപ്പോള്‍ തമ്പടിച്ചിട്ടുണ്ടാവും.
ചുരം കഴിഞ്ഞപ്പോള്‍ മുളങ്കാടുകള്‍ പ്രത്യക്ഷപ്പെട്ടു. ചാറ്റല്‍ മഴയില്‍, കനത്ത കോടമഞ്ഞ് അവയെ കാഴ്ച്ചയില്‍ നിന്നും മറച്ചു പതുങ്ങി വന്നു. മഴയും മഞ്ഞും കാടും ഒരുമിച്ചപ്പോള്‍ അന്തരീക്ഷം അലൗകികമായി. മുളംകാട്, 'പാമ്പുണ്ടാവും'. ഡ്രൈവര്‍ പറഞ്ഞു. പാമ്പല്ല, രാജവെമ്പാല! മറുപടി കേട്ടപ്പോള്‍ ഡ്രൈവര്‍ നിശ്ശബ്ദനായി. രാജവെമ്പാലയുടെ താവളമാണ് അഗുംബെ. വിഖ്യാതനായ ഉരഗശാസ്ത്രജ്ഞന്‍ റോമുലസ് വിറ്റേക്കര്‍ (ഞ്ൗുാുീ ണസഹറമക്ഷവി) അഗുംബെയെ രാജവെമ്പാലയുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹമാണ് അഗുംബെയില്‍ ഫോറസ്റ്റ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. അത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രം. ലോകത്തെ ആദ്യ രാജവെമ്പാല സാങ്ങച്വറിയാകാന്‍ ഒരുങ്ങുകയാണ് അഗുംബെ.
കാഴ്ച്ചയെ മൂടുന്ന മഞ്ഞിനിടയില്‍ വലിയൊരു കരിങ്കല്‍ കമാനം മുന്നില്‍ പെട്ടു. ഔഷധക്കാട്ടിലേക്കുള്ള വഴിയാകെ വെള്ളം മൂടി നില്‍ക്കുന്നു. കമാനത്തില്‍ അഗസ്ത്യമുനി മരുന്നുമായി നില്‍ക്കുന്ന ശില്‍പം. 1996 ല്‍ സ്ഥാപിച്ച അഗുംബെ മെഡിസിനല്‍ പ്ലാന്‍്‌സ് കണ്‍സര്‍വേഷന്‍ ഏര്യയുടെ ഭാഗമാണിത്. വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലുള്ള സസ്യങ്ങളടക്കം 182 തരം ഔഷധസസ്യങ്ങള്‍ ഈ കൊടും കാട്ടില്‍ വളരുന്നു.
മഞ്ഞു മാറിയപ്പേള്‍ മുന്നില്‍ അഗുംബെ അങ്ങാടി. ആര്‍. കെ. നാരായണന്റെ മാല്‍ഗുഡിയെന്ന സാങ്കല്‍പ്പികഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലം. മാല്‍ഗുഡി ഡെയ്‌സിന്റെ ഷൂട്ടിങ്ങ് എവിടെയാണ് നടന്നതെന്ന് ഒരു കടക്കാരനോടു ചോദിച്ചു. 'ഇതെല്ലാം മാല്‍ഗുഡിയാണ്. ഞാനായിരുന്നു സര്‍ സീരിയലിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍' അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. അഗുംബെയിലെ ജനങ്ങളും വീടുകളും മാല്‍ഗുഡിയിലുണ്ട്. കാണുന്നവരെല്ലാം അഭിനേതാക്കള്‍. 'രേവക്കയെ കണ്ടില്ലെ, അവരാണ് ഏഷണി കൂട്ടുന്ന പാല്‍ക്കാരി'. റോഡിലൂടെ നടന്നു പോകുന്ന ചേലചുറ്റിയ സ്ത്രീയെ ചൂണ്ടി കടക്കാരന്‍ പറഞ്ഞു. 'ഈ റോഡാണ് മാല്‍ഗുഡി റോഡ്'. ശങ്കര്‍നാഗ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ വന്ന മാല്‍ഗുഡി ഡെയ്‌സ് ഒരു വമ്പന്‍ ഹിറ്റായിരുന്നു. 1985 ല്‍ കവിതാ ലങ്കേഷ് മാല്‍ഗുഡി ഡേയ്‌സിന്റെ പുതിയ പതിപ്പിനായി വീണ്ടും അഗുംബെയിലെത്തി.
ഉച്ചയായി. ദക്ഷിണകാനറയിലെ സസ്യാഹാര പരമ്പരക്ക് മാറ്റം വേണമെന്നു പറഞ്ഞപ്പോള്‍ താജ് എന്നൊരു ചെറിയ ഹോട്ടല്‍ കാണിച്ചു തന്നു. താജുദ്ദീന്‍ മംഗലാപുരത്ത് പണിയെടുത്ത കാരണം മലയാളം മനസ്സിലാവും. ചൂടുചോറിനൊപ്പം ചിക്കന്‍ കുറുമയും, മട്ടന്‍ കറിയും ബഞ്ചില്‍ നിരന്നു.
അങ്ങാടിയിലെ ചെക്ക്‌പോസ്റ്റില്‍ ലാത്തിയുമായി പോലീസുകാര്‍. പ്രദേശത്ത് നക്‌സലുകളുടെ ശല്ല്യമുണ്ട്. ലാത്തി വിശിയാല്‍ നക്‌സലുകള്‍ പോകുമോ എന്ന ചോദ്യത്തിന് പോകുമായിരിക്കും എന്നര്‍ഥം വരുന്ന നിസ്സഹായമായ ചിരി. നരസിംഹപര്‍വതത്തിലേക്കുള്ള ട്രക്കിങ്ങ് പാത റോഡില്‍ നിന്നും തെന്നി മാറി പോകുന്നു. ഒളിച്ചു കളിക്കുന്ന കോടമഞ്ഞിനു താക്കീതെന്ന പോലെ കനത്തൊരു മഴ അഗുംബെക്കുമേല്‍ വീണ്ടും വന്നു വീണു.
TAGS:
DESTINATION  |  INDIA  |  THEMES  |  TREKKING  |  WILDLIFE  |  WRITERS  |  R.L.HARILAL  |  MADHURAJ 
SocialTwist Tell-a-Friend


Glad you liked it. Would you like to share?

Sharing this page …
Thanks! Close

Add New Comment

Showing 5 comments

Sort by   Subscribe by email   Subscribe by RSS
  • Ktmuhammadali 9 hours ago
    very good narration
  • Baijubalakrishnan 2 weeks ago
    pls include the route map to this place
  • Abhilash 1 month ago
    very nice to read.it feels.....pl include the deaails of access to the place.
  • Shijukhanpathamkallu 5 months ago
    nannayitund
  • Gr8 , Nice selection of a place , first time reading a malayalam review of Agumbe